അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് -ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്. ഇന്ത്യന്‍ സമയം രാവിലെ ഏഴരയോടെയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്. ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. അധികാരത്തില്‍ എത്തിയശേഷം ആദ്യമായാണ് ട്രംപ് ചൈനീസ് പ്രസിഡണ്ടിനെ നേരില്‍ കാണുന്നത്.
	 
	കൂടിക്കാഴ്ചയിലൂടെ അമേരിക്ക -ചൈന വ്യാപാരക്കരാറിന് അന്തിമ തീരുമാനം ആകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ചൈന അമേരിക്കയില്‍ നിന്ന് സോയാബീന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത് ഒത്തുതീര്‍പ്പിന്റെ സൂചനയായാണ് കണക്കാക്കുന്നത്. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ദക്ഷിണ കൊറിയയിലെ ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ബിസിനസ് നേതാക്കള്‍ക്കായി നടത്തിയ ഉച്ചഭക്ഷണ വിരുന്നില്‍ സംസാരിക്കവെയാണ് ട്രംപ് മോദിയെ പ്രശംസിച്ചത്. പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്‍ കൈ എടുത്തുവെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു.
	 
	രണ്ട് ആണവ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിക്കുകയായിരുന്നു. യുദ്ധം ചെയ്യാന്‍ അനുവദിക്കണമെന്ന് അവര്‍ ആവര്‍ത്തിച്ചു. അവര്‍ ശക്തരായ ആളുകളാണ്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അദ്ദേഹം കടുപ്പക്കാരനുമാണ്. ഈ സാഹചര്യത്തില്‍ വ്യാപാര കരാര്‍ ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ കുറച്ചു സമയത്തിനുശേഷം അവര്‍ വിളിച്ച് ഞങ്ങള്‍ യുദ്ധം അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞു- ട്രംപ് വ്യക്തമാക്കി.