വാഴൈ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ബൈസണ്‍ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍. ധ്രുവ് വിക്രം നായകനാകുന്ന സിനിമയില്‍ അനുപമ പരമേശ്വരനാണ് നായികയാവുന്നത്. ഇപ്പോഴിതാ സിനിമയില്‍ ധ്രുവ് വിക്രമിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് അനുപമ പരമേശ്വരന്‍. സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെയാണ് അനുപമയുടെ പ്രതികരണം.
ധ്രുവ് വിക്രമിനെ പോലെ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു നടനെ താന്‍ കണ്ടിട്ടില്ലെന്നാണ് അനുപമ പറയുന്നത്. ഞാനും ധ്രുവും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമായിട്ടുണ്ടെന്ന് പലരും പറഞ്ഞുകേട്ടു. അതിന്റെ ക്രെഡിറ്റ് മാരി സെല്‍വരാജിനും നിവാസിനുമാണ്(സംഗീത സംവിധായകന്‍). മാരി സാര്‍ പറയുന്നത് പോലെ ചെയ്യുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ജോലി. സിനിമയില്‍ ജോയിന്‍ ചെയ്യുന്നതിനും ഒരു വര്‍ഷം മുന്‍പ് മുതലെ ധ്രുവ് അവന്റെ ജോലികള്‍ തുടങ്ങിയിരുന്നു. ഫിസിക്കലി ഒരുപാട് കഷ്ടപ്പെട്ടു. കബഡി പഠിച്ചു. ബോഡി ബില്‍ഡിങ് നടത്തി. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ധ്രുവ് ചെയ്തിട്ടുണ്ട്.അനുപമ പറയുന്നു.
കബഡി വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ഐറ്റമാണ്. അതിനായുള്ള കഷ്ടപാട് ധ്രുവ് നടത്തിയിട്ടുണ്ട്. ഒരുപാട് എഫര്‍ട്ട് എടുത്തിട്ടുണ്ട്. ധ്രുവിനെ പോലെ ഹാര്‍ഡ് വര്‍ക്കിങ്ങും ഡിറ്റര്‍മിനേഷനുമുള്ള ഒരു നടനെ വേറെ കണ്ടിട്ടില്ല. അനുപമ പറഞ്ഞു.അനുപമയെ കൂടാതെ ലാല്‍, രജീഷ വിജയന്‍ എന്നിവരും സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. പശുപതി, ആമിര്‍, അഴകം പെരുമാള്‍, അരുവി മദന്‍, അനുരാഗ് അറോറ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.