ഡെമോക്രാറ്റുകളുമായി നടത്തുന്ന ചര്‍ച്ചകളില്‍ പുരോഗതിയില്ലെങ്കില്‍ ഫെഡറല്‍ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി വൈറ്റ് ഹൗസ്. അമേരിക്കയിലെ ഭാഗിക സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കവെയാണ് വിഷയത്തില്‍ വൈറ്റ് ഹൗസ് നിലപാട് വ്യക്തമാക്കിയത്. ഒക്ടോബര്‍ ഒന്നിനാണ് 1026ലെ സാമ്പത്തിക വര്‍ഷം ആരംഭിച്ചത്. അന്നേ ദിവസം ഡെമോക്രാറ്റുകള്‍ താത്കാലിക ഫണ്ടിംഗ് നിരസിച്ചതോടെയാണ് സര്‍ക്കാര്‍ ഭാഗികമായി അടച്ചുപൂട്ടേണ്ടി വന്നത്.
പ്രതിസന്ധി പരിഹരിക്കാനുള്ള ഏകമാര്‍ഗം ഡെമോക്രാറ്റുകളുമായുള്ള ചര്‍ച്ചയാണ്. എന്നാല്‍ ഡെമോക്രാറ്റുകള്‍ അഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ്(ഒബാമ കെയര്‍) സംബന്ധിച്ച ഉര്‍റപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. ജനങ്ങള്‍ക്ക് സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍ വാങ്ങാന്‍ സഹായിക്കുന്ന പ്രീമിയം ടാക്‌സ് ക്രെഡിറ്റുകള്‍ സ്ഥിരമായി നീട്ടിവെയ്ക്കണമെന്നും വൈറ്റ് ഹൗസ് ഈ ചെലവുകള്‍ കുറയ്ക്കാന്‍ നീക്കം നടത്തരുതെന്നുമാണ് ഡെമോക്രാറ്റുകളുടെ ആവശ്യം.
എന്നാല്‍ ഒബാമ കെയര്‍ ദുരന്തമായിരുന്നുവെന്നും അതിനെ ശരിയായ രീതിയിലാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ട്രംപ് ഭരണകൂടം പറയുന്നു. 2 പാര്‍ട്ടികളും തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ താത്കാലിക ഫണ്ടിംഗ് പാസാകുന്നതും വൈകുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഫെഡറല്‍ പിരിച്ചുവിടലുകള്‍ ആരംഭിച്ചാല്‍ വലിയ വിഭാഗം ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇത് ട്രംപ് ഭരണകൂടം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നായി മാറും.