അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ഏപ്രില്‍ 2025 (17:27 IST)
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് അവതരിപ്പിച്ച സിബിപി വണ്‍ ആപ്പ് നയത്തിലൂടെ അമേരിക്കയില്‍ താമസിക്കുന്ന ഏകദേശം 9 ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വലിയ പ്രഹരമാണ് നല്‍കിയത്. ട്രംപ് ഭരണകൂടം ബൈഡന്റെ നയം റദ്ദാക്കുകയും ഈ കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ താമസിക്കാനുള്ള നിയമപരമായ അനുമതികള്‍ അവസാനിപ്പിക്കുകയും ചെയ്തു. 
 
സിബിപി വണ്‍ ആപ്പ് വഴി വന്ന കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിടേണ്ടിവരുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ബൈഡന്‍ ഭരണകൂടത്തിന്റെ ഈ ആപ്പ് നയം പ്രകാരം 2023 ജനുവരി മുതല്‍ 9 ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് വന്നു. ഈ പരിപാടി പ്രകാരം അവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവാദമുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ കുടിയേറ്റക്കാര്‍ സ്വന്തമായി അമേരിക്ക വിടണം. അതിര്‍ത്തികള്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും രാജ്യത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഡിഎച്ച്എസ് പറയുന്നു.

ആളുകളോട് ഇമെയില്‍ വഴി അമേരിക്ക വിടാന്‍ ആവശ്യപ്പെടുന്നുവെന്നാണ് വരുന്ന റിപ്പോര്‍ട്ട്. മെയിലുകള്‍ ലഭിച്ചവരില്‍ ഭൂരിഭാഗവും ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് നിയമസഹായ സംഘടനയായ അല്‍ ഒട്രോ ലാഡോ പറഞ്ഞു. നോട്ടീസ് ലഭിച്ചതിനുശേഷം കുടിയേറ്റക്കാര്‍ അസ്വസ്ഥരാണ്. അവരുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലാണ്.
 
ഈ വര്‍ഷം ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ നയങ്ങളാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങളുടെ തീരുവ വര്‍ദ്ധിപ്പിക്കുക, അമേരിക്കയില്‍ നിന്ന് വിദേശികളെ പുറത്താക്കുക എന്നിവ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍