സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ഏപ്രില്‍ 2025 (12:43 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു. നേരത്തെ തുടര്‍ച്ചയായ നാല് ദിവസം കൊണ്ട് സംസ്ഥാനത്ത് പവന് 2680 രൂപ കുറഞ്ഞിരുന്നു.  എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്വര്‍ണ്ണവില ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 66320 രൂപയായി. ഗ്രാമിന് 8290 രൂപയാണ് വില. ഈ മാസം മൂന്നിനാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.
 
68450 രൂപയായിരുന്നു അന്ന് സ്വര്‍ണവില. ഇതിന് പിന്നാലെ സ്വര്‍ണ്ണവില താഴോട്ട് പോവുകയായിരുന്നു. ഇന്നലെ പവന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 60 രൂപയും കുറഞ്ഞു. അമേരിക്കയുടെ പകരചുങ്ക നയത്തില്‍ ഓഹരി മാര്‍ക്കറ്റുകളും ക്രൂഡോയില്‍ വിലയും കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത് സ്വര്‍ണവിലയെ ബാധിച്ചിട്ടില്ല.

അതേസമയം അമേരിക്കയുടെ തീരുവ യുദ്ധത്തിലെ ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിങ്ങിന്റെ എക്‌സിലെ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സത്യസന്ധമായ സഹകരണം, വിശാലമായ ചര്‍ച്ചകള്‍ എന്നീ തത്വങ്ങള്‍ എല്ലാ രാജ്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നും വ്യാപാരയുദ്ധത്തിലും തീരുവയുദ്ധത്തിലും വിജയിക്കുന്നവര്‍ ഇല്ലെന്നും അവര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
 
പരസ്പര പ്രയോജന അധിഷ്ഠിതമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക -വ്യാപാരബന്ധമെന്നും കുറിപ്പില്‍ പറയുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളുടെ വികസനത്തിനുള്ള അവകാശം നിഷേധിക്കുന്ന അമേരിക്കയുടെ തീരുവ ചൂഷണത്തെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും രണ്ടു രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് ജിങ് പറയുന്നു. പ്രതിവര്‍ഷം ആഗോള വളര്‍ച്ചയുടെ 30ശതമാനത്തോളം സംഭാവന ചൈനയാണ് ചെയ്യുന്നതൊന്നും കുറിപ്പില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍