തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥരുടെ ആത്മഹത്യയില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്തുവന്നു. സുകാന്തിന് പലപ്പോഴായി യുവതി മൂന്നുലക്ഷത്തോളം രൂപ നല്‍കിയതായി വിവരം ലഭിച്ചു. അതേസമയം മേഘയുടെ ആത്മഹത്യയില്‍ പ്രതി സുകാന്തിനെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവെന്ന് തിരുവനന്തപുരം ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
24 കാരിയായ മേഘ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയായതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ടീമായാണ് അന്വേഷണം നടത്തുന്നതെന്നാണ് ഡിസിപി പറഞ്ഞത്. അന്വേഷണത്തിന് തടസ്സമായത് പെണ്‍കുട്ടിയുടെ ഫോണ്‍ ആത്മഹത്യ ചെയ്ത സമയത്ത് ട്രെയിന്‍ തട്ടി തകര്‍ന്നതാണ്. ആത്മഹത്യ ചെയ്ത ദിവസം ഉദ്യോഗസ്ഥയെ പ്രതി സുകാന്ത് പലതവണ ഫോണില്‍ വിളിച്ചിരുന്നു. ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പോലീസ് കരുതുന്നത്.
സുകാന്തും മാതാപിതാക്കളും നിലവില്‍ ഒളിവിലാണ്. ഇവര്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പ്രതിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടോ എന്ന് കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമാകുമെന്നും ഡിസിപി പറഞ്ഞു. അതേസമയം സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. പശുക്കളെയും നായകളെയും കോഴികളെയും ആര്‍ക്കും കൈമാറാതെ പൂട്ടിയിട്ടാണ് ഇവര്‍ കടന്നത്. ജീവികളുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഇടപെട്ടാണ് ഇവയെ രക്ഷപ്പെടുത്തിയത്.