മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 13 ജൂലൈ 2025 (16:16 IST)
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഹിംഗോളി ഗ്രാമത്തില്‍ ഏകദേശം 14,500-ലധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ പോലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത സഞ്ജീവനി പദ്ധതി പ്രകാരം നല്‍കിയ സ്‌ക്രീനിംഗ് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. വ്യാഴാഴ്ച സംസ്ഥാന ആരോഗ്യമന്ത്രി പ്രകാശ് അബിത്കര്‍ ഇക്കാര്യം നിയമസഭയില്‍ അവതരിപ്പിച്ചു.
 
മാര്‍ച്ച് 8 മുതല്‍ 2,92,996 പേരില്‍ നടത്തിയ പരിശോധനയിലണ് കാന്‍സര്‍ ലക്ഷണങ്ങളുമായി ഇത്രയും പേരെ കണ്ടെത്തിയത്. പരിശോധനയ്ക്ക് വിധേയരായ സ്ത്രീകളില്‍ 14,542 പേരിലും കാന്‍സര്‍ പോലുള്ള ലക്ഷണങ്ങള്‍ കാണിച്ചു. ഇതുവരെ, ലക്ഷണങ്ങള്‍ കാണിച്ച സ്ത്രീകളില്‍ മൂന്ന് പേര്‍ക്ക് ഗര്‍ഭാശയ അര്‍ബുദം കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളില്‍ ഒരാള്‍ക്ക് ഒരു സ്തനാര്‍ബുദം കണ്ടെത്തി. എട്ട് പേര്‍ക്ക് ഓറല്‍ അര്‍ബുദം കണ്ടെത്തി.
 
കാന്‍സര്‍ രോഗനിര്‍ണയത്തിന് സഹായിക്കുന്ന ആരോഗ്യ ക്യാമ്പുകളും മറ്റ് സ്‌ക്രീനിംഗ് പരിശോധനകളും ഗ്രാമപ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. കാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഹിംഗോളിയില്‍ പ്രചാരണം നടക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി പ്രകാശ് അബിത്കര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍