കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാജീവ് ചന്ദ്രശേഖരന്റെ ഇടപെടലില്‍ ബിജെപിയില്‍ പടയൊരുക്കം. എടുത്തുചാടി കന്യാസ്ത്രീകള്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയെന്നാണ് വിമര്‍ശനം. ബിജെപിയില്‍ വലിയൊരു വിഭാഗം നേതാക്കള്‍ രാജീവ് ചന്ദ്രശേഖരനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നു. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് നേതാക്കള്‍ ഒരുങ്ങുന്നത്.
കന്യാസ്ത്രീ വിഷയത്തില്‍ രാജീവ് ചന്ദ്രശേഖരന്റെ നടപടിയില്‍ വി മുരളീധരന്‍, പി കെ കൃഷ്ണദാസ് വിഭാഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കൂടാതെ ആര്‍എസ്എസിനും മറ്റു സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്. കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നും തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. 50000 രൂപയുടെ രണ്ടാള്‍ ജാമ്യവും കോടതി നിര്‍ദ്ദേശിച്ചിരുന്നു.