മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

അഭിറാം മനോഹർ

തിങ്കള്‍, 4 ഓഗസ്റ്റ് 2025 (15:34 IST)
K T Jaleel- P K Firoz
പി കെ ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കുമെന്ന് കെ ടി ജലീല്‍ എംഎല്‍എ. മുസ്ലീം ലീഗ് എന്ന പാര്‍ട്ടി മയക്കുമരുന്ന് കച്ചവടക്കാരുടെയും സാമ്പത്തിക തട്ടിപ്പുകാരുടെയും പാര്‍ട്ടിയായി മാറിയെന്നും മലപ്പുറത്ത് വെച്ച് കെ ടി ജലീല്‍ ആരോപിച്ചു. പി കെ ഫിറോസിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കെ ടി ജലീലിന്റെ പ്രതികരണം.
 
 പികെ ഫിറോസിന്റെ സഹോദരന്‍ ഏത്രയോ നാളായി രാസലഹരി ഉപയോഗിക്കുന്നു. ഇതെല്ലാം അറിഞ്ഞും എന്തുകൊണ്ടാണ് പി കെ ഫിറോസ് പോലീസിലോ എക്‌സൈസിലോ പരാതിപ്പെടാതിരുന്നത്. നൂറ് കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച സ്വന്തം സഹോദരനെ എന്തുകൊണ്ട് നിയന്ത്രിച്ചില്ല. മുസ്ലീം ലീഗ് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പിന് നല്ല പ്രചാരമാണ് ലഭിച്ചത്. ആ ക്യാമ്പയിന്‍ തീരുമാനിക്കും മുന്‍പെങ്കിലും സഹോദരന്റെ കാര്യം ഫിറോസ് പുറം ലോകത്തെ എന്തുകൊണ്ട് അറിയിച്ചില്ല. അറിഞ്ഞുകൊണ്ട് ഫിറോസ് വസ്തുതകള്‍ മറച്ചുവെച്ചു. ഇക്കാര്യത്തില്‍ ഫിറോസിനെതിരെ കേസെടുക്കാമല്ലോ. കെ ടി ജലീല്‍ ചോദിക്കുന്നു.
 
 മതവും ദീനും പ്രസംഗിച്ച് നടക്കുന്നയാള് മയക്കുമരുന്നിന് അടിമയായ ഒരാള്‍ വീട്ടിലുണ്ടായിട്ട് എന്തുകൊണ്ട് അത് സമൂഹത്തെ അറിയിച്ചില്ല. ഇതില്‍ ഫിറോസും പാര്‍ട്ടിയും മറുപടി നല്‍കണം. ഈ ലഹരി ഇടപാടില്‍ പി കെ ഫിറോസിനും പങ്കുണ്ട് എന്ന് പറഞ്ഞാല്‍ തെറ്റ് പറയാനാകുമോ. ഇത്രയും വലിയ വില കൊടുത്ത് സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ ഫിറോസിന് പണം എവിടെനിന്നാണ്. ലീഗിന്റെ നേതാക്കള്‍ ലഹരിക്കേസിലും സാമ്പത്തിക തട്ടിപ്പിലും കുടുങ്ങുകയാണ്. പാര്‍ട്ടി നേതാക്കളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും ജലീല്‍ മലപ്പുറത്ത് വെച്ച് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍