അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയതെന്ന് ട്രംപ്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടുവെന്നുള്ള സൂചന നല്‍കുന്ന പ്രസ്താവനയുമായാണ് ട്രംപ് രംഗത്തെത്തിയത്. എന്നാല്‍ ഏത് രാജ്യമാണ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കേണ്ടിയിരുന്ന ആണവയുദ്ധം തടയുന്നതില്‍ തന്റെ പങ്ക് നിര്‍ണായകമായെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞമാസം ഒരു രാജ്യം യുദ്ധത്തിനിടെ അഞ്ച് വിമാനങ്ങള്‍ വീഴ്ത്തിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ പ്രഖ്യാപിച്ച 50% തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച കരട് നോട്ടീസ് ട്രംപ് ഭരണകൂടം പുറത്തിറങ്ങി. ട്രംപ് മധ്യസ്ഥത വഹിച്ച റഷ്യന്‍ സമാധാനം നീക്കം പൊളിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യക്കെതിരെ കനത്ത ചുങ്കം ചുമത്തുന്ന നിലപാടുമായി മുന്നോട്ടുപോകാന്‍ അമേരിക്ക തയ്യാറാകുന്നത്.
അതേസമയം ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇന്ത്യ. സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യ വഴങ്ങിയില്ലെങ്കില്‍ റഷ്യയുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ കൂടുതല്‍ തീരുവചുമത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അതേസമയം ചൈനയ്ക്ക് മേലും ട്രംപ് ആരോപണമുന്നയിച്ചു. അമേരിക്കയ്ക്ക് ആവശ്യമായ മാഗ്‌നെറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ചൈനയ്ക്ക് മേലില്‍ 200 ശതമാനമോ അതിലേറെയോ തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.