അമേരിക്കയില്‍ വടിവാളുമായി റോഡില്‍ ഇറങ്ങി ഭീഷണി മുഴക്കിയ സിഖ് വംശജനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. 36 കാരനായ ഗുര്‍പ്രീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയ്യാറായില്ലെന്നും തുടര്‍ന്നു പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു ചെയ്തതോടെ വെടിയുതിര്‍ത്തുവെന്നുമാണ് ലോസാഞ്ചലസ് പോലീസ് പറഞ്ഞത്.
വാഹനം നടുറോഡിലിട്ട് ആയുധവുമായി ഇയാള്‍ പുറത്തിറങ്ങി അഭ്യാസപ്രകടനം നടത്തുകയായിരുന്നു. വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. തീരുവ നടപടികള്‍ നിയമവിരുദ്ധമെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി വിധിച്ചു. ഏകപക്ഷീയമായി തീരുവകള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് അധികാര ദുര്‍വിനിയോഗം നടത്തി എന്നും കോടതി പറഞ്ഞു.
തീരുവകള്‍ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിര്‍മ്മാണ സഭയ്ക്ക് മാത്രമാണെന്നും കേസുകള്‍ തീരുന്നതുവരെ നിലവിലെ തീരുവകള്‍ തുടരാമെന്ന് കോടതി പറഞ്ഞു. അതേസമയം ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ നീക്കം അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വുള്‍ഫ്. അമേരിക്കയുടെ നടപടികള്‍ ബ്രിക്‌സിന് സഹായകമാകുമെന്നും ഇത് അമേരിക്കന്‍ താല്‍പര്യങ്ങളെ തന്നെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.