അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. തീരുവ നടപടികള്‍ നിയമവിരുദ്ധമെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി വിധിച്ചു. ഏകപക്ഷീയമായി തീരുവകള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് അധികാര ദുര്‍വിനിയോഗം നടത്തി എന്നും കോടതി പറഞ്ഞു.
തീരുവകള്‍ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിര്‍മ്മാണ സഭയ്ക്ക് മാത്രമാണെന്നും കേസുകള്‍ തീരുന്നതുവരെ നിലവിലെ തീരുവകള്‍ തുടരാമെന്ന് കോടതി പറഞ്ഞു. അതേസമയം ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ നീക്കം അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വുള്‍ഫ്. അമേരിക്കയുടെ നടപടികള്‍ ബ്രിക്‌സിന് സഹായകമാകുമെന്നും ഇത് അമേരിക്കന്‍ താല്‍പര്യങ്ങളെ തന്നെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്നില്‍ അമേരിക്ക വാതില്‍ അടച്ചാല്‍ ഇന്ത്യ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മറ്റു വിപണികള്‍ കണ്ടെത്തും. ഇത് ബ്രിക്‌സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ. റഷ്യ അവരുടെ ഊര്‍ജോല്പാന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും മറ്റിടങ്ങള്‍ കണ്ടെത്തിയതുപോലെ ഇന്ത്യ അമേരിക്കയിലേക്കുള്ള വ്യാപാരം അവസാനിപ്പിച്ച് ബ്രിക്‌സ് രാജ്യങ്ങളിലേക്ക് തിരിയുമെന്ന് അദ്ദേഹം പറഞ്ഞു.
ചൈന, ഇന്ത്യ, റഷ്യ, ബ്രിക്‌സ് എന്നീ രാജ്യങ്ങളുടെ ഉല്‍പാദനം ലോകത്തിന്റെ ആകെ ഉത്പാദനത്തിന്റെ 35ശതമാനമാണ്. അമേരിക്ക ഉള്‍പ്പെട്ട പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി സെവന്‍ രാജ്യങ്ങളുടേത് 28% ആണെന്ന് അദ്ദേഹം പറഞ്ഞു.