' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

രേണുക വേണു

തിങ്കള്‍, 4 ഓഗസ്റ്റ് 2025 (14:52 IST)
Adoor Gopalakrishnan

സിനിമ കോണ്‍ക്ലേവ് സമാപന ചടങ്ങിലെ പ്രസംഗത്തില്‍ താന്‍ ദളിതരെയും സ്ത്രീകളെയപം മോശമാക്കി പറഞ്ഞ ഭാഗം ഏതെന്ന ചോദ്യവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. ഏതെങ്കിലും ഒരു ഭാഗത്തില്‍ ഈ രണ്ട് കൂട്ടരെയും മോശമാക്കി താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ കാണിച്ചുതരാനും അങ്ങനെയുണ്ടെങ്കില്‍ ക്ഷമാപണത്തിനു തയ്യാറാണെന്നും അടൂര്‍ മാധ്യമങ്ങളോടു പറഞ്ഞു. 
 
' അതില്‍ ഏതെങ്കിലും ഭാഗത്ത് ഞാന്‍ ദളിതനെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ പറയ്, അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ പരമാവധി ക്ഷമാപണം ചെയ്യാം. ഏതെങ്കിലും ഒരു വാക്കിലെങ്കിലും ഈ രണ്ട് കൂട്ടരെ മോശമാക്കി പറഞ്ഞിട്ടുണ്ടോ ഞാന്‍? ഉണ്ടെങ്കില്‍ ഞാന്‍ സമ്മതിക്കുന്നു, ക്ഷമാപണം ചെയ്യാം. നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കു ഞാന്‍ ഉത്തരവാദിയല്ല. നിങ്ങള്‍ക്ക് എന്തും വ്യാഖ്യാനിക്കാന്‍ പറ്റും. ഞാന്‍ പറഞ്ഞതില്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെടാതെ പോയത് ഞാന്‍ അവര്‍ ട്രെയ്‌നിങ് കൊടുക്കണമെന്ന് പറഞ്ഞതാണ്. അവരുടെ അറിവുകേടുകൊണ്ടാണ് അതിനെതിരെ പറയുന്നത്. ഞാന്‍ സിനിമ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ആളാണ്. അവര്‍ക്ക് ഒരു മാസത്തെ പരിശീലനം നല്‍കണമെന്ന് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്,' അടൂര്‍ പറഞ്ഞു. 
 
അതേസമയം അടൂരിനെതിരെ പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ചലച്ചിത്ര കോര്‍പറേഷന്‍ ഇവര്‍ക്ക് സിനിമ ചെയ്യാന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്ന വിവാദ പരാമര്‍ശവും അടൂര്‍ നടത്തിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ്.സി - എസ്.ടി ആക്ട് പ്രകാരം കുറ്റകരമെന്നാണ് പരാതിയില്‍ പറയുന്നത്. എസ്.സി - എസ്.ടി കമ്മിഷനും ദിനു വെയില്‍ പരാതി നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍