അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി

രേണുക വേണു

തിങ്കള്‍, 4 ഓഗസ്റ്റ് 2025 (12:17 IST)
Adoor Gopalakrishnan

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവ് സമാപന ചടങ്ങില്‍ പട്ടികജാതി വിഭാഗത്തിനെതിരായി നടത്തിയ പരാമര്‍ശമാണ് പരാതിക്കു കാരണം. 
 
പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പറേഷന്‍ ഇവര്‍ക്ക് സിനിമ ചെയ്യാന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്ന വിവാദ പരാമര്‍ശവും അടൂര്‍ നടത്തിയിട്ടുണ്ട്. 
 
സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ്.സി - എസ്.ടി ആക്ട് പ്രകാരം കുറ്റകരമെന്നാണ് പരാതിയില്‍ പറയുന്നത്. എസ്.സി - എസ്.ടി കമ്മിഷനും ദിനു വെയില്‍ പരാതി നല്‍കി.
 
അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ സിനിമ കോണ്‍ക്ലേവ് നടന്ന വേദിയില്‍ വെച്ച് തന്നെ പ്രതിഷേധം ഉണ്ടായി. കോണ്‍ക്ലേവില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഗായിക പുഷ്പവതി അടൂര്‍ പ്രസംഗിക്കുന്ന സമയത്ത് എഴുന്നേറ്റുനിന്ന് പ്രതിഷേധിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍