തോന്നിയത് തരും വാങ്ങിയിട്ട് പോകണമെന്ന സമീപനം ശരിയല്ല, ദേശീയ പുരസ്‌കാരത്തിന്റെ മാനദണ്ഡം എന്താണ്?, സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടെ: ഉര്‍വശി
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച സഹനടിയായി തിരെഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അവാര്‍ഡ് പുരസ്‌കാര നിര്‍ണയത്തിനെതിരെ തുറന്നടിച്ച് നടി ഉര്‍വശി. എഴുപത്തൊന്നാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സഹനടനുള്ള അവാര്‍ഡ് വിജയരാഘവനും സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്കുമായാണ് കൊടുത്തത്. എന്നാല്‍ സിനിമയില്‍ മുഴുനീള വേഷങ്ങള്‍ ചെയ്തിട്ടും എങ്ങനെയാണ് സഹനടന്‍, സഹനടി എന്നിങ്ങനെ കാറ്റഗറെസ് ചെയ്യപ്പെടുന്നത് എന്നതിന്റെ മാനദണ്ഡം പുരസ്‌കാരസമിതി വ്യക്തമാക്കണമെന്നാണ് ഉര്‍വശി ആവശ്യപ്പെട്ടിരിക്കുന്നത്.
തോന്നിയത് പോലെ കൊടുക്കും വാങ്ങിയിട്ട് പോകണമെന്ന സമീപനം അംഗീകരിക്കാനാകില്ല. ഒരു അവാര്‍ഡ് എന്തിന് വേണ്ടി, അല്ലെങ്കില്‍ ഏത് മാനദണ്ഡത്തിലാണ് കൊടുക്കേണ്ടതെന്ന് വ്യക്തമാക്കാനുള്ള കടമ ജൂറിക്കുണ്ട്. തോന്നിയത് കൊടുക്കും വാങ്ങി പോകണമെന്ന നിലപാട് തുടര്‍ന്നാല്‍ അര്‍ഹരായ പലര്‍ക്കും അംഗീകാരം ലഭിക്കില്ല. എന്റെ കാര്യത്തില്‍ ചോദിച്ച് വ്യക്തത ലഭിച്ചില്ലെങ്കില്‍ എനിക്ക് പിന്നാലെ വരുന്നവര്‍ക്കും ഇതേ അവസ്ഥയാകും.
ഉര്‍വശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ കാര്യം എന്താണെന്ന് ആലോചിച്ച് നോക്കുവെന്ന് ഒരിക്കല്‍ റിമ കല്ലിങ്കല്‍ എന്നോട് ചോദിച്ചിരുന്നു. എന്ത് മാനദണ്ഡത്തിലാണ് കുട്ടേട്ടന്‍(വിജയരാഘവന്‍)മികച്ച സഹനടനും ഞാന്‍ സഹനടിയുമായത്.നികുതി കെട്ടിവെച്ചാണ് ഞങ്ങളെല്ലാം അഭിനയിക്കുന്നത്. ആടുജീവിതം എന്ന സിനിമ പരാമര്‍ശിക്കാതെ പോയി. മികച്ച നടിക്ക് ജയ് ബേബി എന്ന സിനിമ കൂടി പോയിരുന്നു. ജൂറി അത് കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യണ്ടേ. ബഹുമാനപ്പെട്ട സുരേഷ് ഗോപിയൊക്കെ ഇവിടെ നില്‍ക്കുകയല്ലെ, അന്വേഷിച്ച് കാരണം പറയട്ടെ.
ഇനി വരാനുള്ളവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. ഇത്രയും പരിചയസമ്പത്തുള്ള ഞാന്‍ ഇത് ചോദിച്ചില്ലെങ്കില്‍ മറ്റാര് ചോദിക്കും എന്നാണ് പലരും ചോദിക്കുന്നത്. അവാര്‍ഡ് കൊടുക്കുന്നതിലെ മാനദണ്ഡമാണ് ഞാന്‍ ചോദിക്കുന്നത്. അത് മാത്രം പറഞ്ഞാല്‍ മതി. ഞങ്ങള്‍ക്ക് തൃപ്തിയാണ്. അതിനകത്ത് വ്യക്തത വേണം. സന്തോഷത്തോടെ തരുന്നത് വാങ്ങിച്ച് പോകാന്‍ പെന്‍ഷന്‍ കാശൊന്നും അല്ലല്ലോ. ഇത്രയും കാലം സിനിമയ്ക്കായി നില്‍ക്കുന്നവരാണ്. മികച്ച നടന്‍, നടി എന്നിവയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള മാനദണ്ഡം എന്താണ്. എന്ത് കൊണ്ട് അത് പറയുന്നില്ല. ഉര്‍വശി ചോദിക്കുന്നു.