ആറു മാസത്തിനിടെ 1703 ഇന്ത്യക്കാരെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയതായി കേന്ദ്രസര്‍ക്കാര്‍.ഡിഎംകെ എംപി ആയ കനിമൊഴിയുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രാലയം എഴുതി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും സ്ഥിരീകരിച്ചിട്ടുള്ള കണക്കാണിത്.അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഗവണ്മെന്റ് നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ളവരെ രാജ്യത്ത് നിന്നും പുറത്താക്കാനുള്ള നടപടികള്‍ അമേരിക്ക ശക്തമാക്കിയത്. പുറത്താക്കിയവരില്‍ 1562 പേര്‍ പുരുഷന്മാരും 141 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ള 8 പേരും ഉള്‍പ്പെടുന്നു.
ഏറ്റവുമൊടുവില്‍ ജൂലൈ മാസം 18നാണ് ഇത്തരത്തില്‍ ആളുകളെ തിരിച്ചയച്ചത്. അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലൈന്‍ സെക്യൂരിറ്റിയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ജൂലൈ അഞ്ചിനും ജൂലൈ 18നും ഇടയില്‍ 300 പേരെ തിരിച്ചയച്ചിരുന്നു. പഞ്ചാബില്‍ നിന്ന് 620 പേരെ തിരിച്ചയച്ചിട്ടുണ്ട്. അതേസമയം മനുഷ്യ രഹിതമായ രീതിയില്‍ ആളുകളെ തിരിച്ചയക്കരുതെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ തിരിച്ചയച്ചവരെ വിലങ്ങുകള്‍ അണിയിച്ച് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.