അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ

അഭിറാം മനോഹർ

വ്യാഴം, 17 ജൂലൈ 2025 (11:25 IST)
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഫ്യുവല്‍സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും അത് ചെയ്തത് ക്യാപ്റ്റനാണെന്നും സൂചന നല്‍കി യു എസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച ശേഷം യു എസ് അധികൃതരെ ഉദ്ധരിച്ചാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട്.
 
എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പീറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്‌ബോക്‌സ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. എഞ്ചിനിലേക്കുള്ള ഇഞ്ചനസ്വിച്ച് ഓഫായതിനെ സംബന്ധിച്ച് പൈലറ്റുമാര്‍ സംസാരിക്കുന്നതാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് സഹപൈലറ്റ് പറയുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.
 
ഇത് ആര് ആരോട് പറഞ്ഞുവെന്നത് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. ഇത് വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സഭര്‍വാളിനോട് ചോദിച്ചതാണെന്നാണ് വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.15,638 മണിക്കൂര്‍ വിമാനം പറത്തി പ്രവര്‍ത്തിപരിചയമുള്ള പൈലറ്റായിരുന്നു ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറിന് 3403 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്.
 
അതേസമയം വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്വെസ്റ്റിഗേഷന്‍ ബ്യൂറോയും എയര്‍ ഇന്ത്യയും പൈലറ്റുമാരുടെ 2 സംഘടനകളും ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാള്‍സ്ട്രീറ്റില്‍ വന്ന റിപ്പോര്‍ട്ടിനെ പറ്റി പ്രതികരിക്കാന്‍ ബോയിങ്ങും തയ്യാറായിട്ടില്ല. ജൂണ്‍ 12നുണ്ടായ അഹമ്മദാബാദ് വിമാനാപകടത്തില്‍ യാത്രക്കാരടക്കം 260 പേരാണ് കൊല്ലപ്പെട്ടത്. 2 പൈലറ്റുമാരും 10 ക്യാബിന്‍ ക്ര്യൂ മെംബര്‍മാരും 242 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍