'അള്ളാഹുവിന്റെ നിയമം നടപ്പിലാകണം'; നിമിഷയുടെ വധശിക്ഷയില്‍ ഉറച്ച് യമന്‍ പൗരന്റെ കുടുംബം, പ്രതിസന്ധി തുടരുന്നു

രേണുക വേണു

വ്യാഴം, 17 ജൂലൈ 2025 (10:34 IST)
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്നും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്നും കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം. ദിയാധനം ഒരു മനുഷ്യജീവനു പകരമാവില്ലെന്നാണ് തലാലിന്റെ കുടുംബം പറയുന്നത്. 
 
തലാലിന്റെ കുടുംബം ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കു തയ്യാറായാല്‍ മാത്രമേ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധിക്കൂ. എന്നാല്‍ ദിയാധനം രക്തത്തിനു പകരമാവില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ നിയമപരമായി മുന്നോട്ടുപാകുമെന്നും തലാലിന്റെ സഹോദരന്‍ അബ്ദുള്‍ഫത്താ മഹ്ദി പറയുന്നു. 
 
എന്തെല്ലാം കാരണങ്ങള്‍ നിരത്തിയാലും കൊലപാതകത്തെ ന്യായീകരിക്കാന്‍ സാധിക്കില്ല. ദൈവത്തിന്റെ നിയമം നടപ്പിലാക്കണം. കൊലപാതകം മാത്രമല്ല ശരീരം പല ഭാഗങ്ങളായി മുറിച്ചു, വികൃതമാക്കി, ഒളിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും നിലനില്‍ക്കുന്നു. വധശിക്ഷ നടപ്പിലാക്കാന്‍ ഇടപെടും - തലാലിന്റെ സഹോദരന്‍ പറഞ്ഞു. 
 
അതേസമയം നിമിഷപ്രിയയുടെ ജീവനുവേണ്ടി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. തലാലിന്റെ കുടുംബം ആവശ്യപ്പെടുന്ന ദിയാധനം എത്രയാണെങ്കിലും അതുനല്‍കി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതായി കാന്തപുരത്തിന്റെ പ്രതിനിധി സംഘവും അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍