യമനില്‍ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു. വിവിധ തലങ്ങളില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനമുണ്ടായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിമിഷപ്രിയയ്ക്ക് അനുകൂലമായ നടപടിയുണ്ടായത്.
വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തില്‍ യെമനില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായുള്ള മധ്യസ്ഥ ചര്‍ച്ചകളാണ് നടന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സര്‍ക്കാര്‍ പ്രതിനിധികളും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതിനോടൊപ്പം നാളത്തെ ശിക്ഷാനടപടി ഒഴിവാക്കികിട്ടാനുള്ള അടിയന്തിര ഇടപെടലുകളാണ് ഇന്നുണ്ടായത്.