ശത്രുവായ ചൈനയ്ക്ക് ഇളവ് നൽകി, ഇന്ത്യയോട് ഇരട്ടത്താപ്പ്, ഇന്ത്യ- യുഎസ് ബന്ധം തകർക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് നിക്കി ഹേലി
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങരുത്, എന്നാൽ അതേസമയം എതിരാളിയും റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നതുമായ ചൈനയ്ക്ക് 90 ദിവസത്തെ താരിഫ് ഇളവ് നൽകി. ഇന്ത്യയെ പോലെ ശക്തമായ ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം ട്രംപ് നശിപ്പിക്കരുത് നിക്കി ഹേലി പ്രതികരിച്ചു. അതേസമയം ഈ പ്രതികരണങ്ങളോട് വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
നേരത്തെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ ട്രംപ് വിമർശിച്ചിരുന്നു. ഇന്ത്യയ്ക്ക് മുകളിൽ 25 ശതമാനം തീരുവ ചുമത്തുകയും ഇത് ഉയർത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇന്ത്യ നല്ല വാണിജ്യപങ്കാളിയല്ലെന്ന് സിഎൻബിസി സ്ക്വാക് ബോക്സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം ഇന്ത്യ- റഷ്യ ബന്ധം പരസ്പരധാരണയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും മറ്റ് രാജ്യങ്ങൾ അതിനെ വിലയിരുത്തേണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.