അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25ശതമാനം താരിഫ് ചുമത്തുമെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇതുവരെ ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ അമേരിക്കയുടെ സുഹൃത്താണെങ്കിലും മറ്റു രാജ്യങ്ങളെക്കാളും ഇന്ത്യയാണ് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തിയിട്ടുള്ളതെന്നും ട്രംപ് പറഞ്ഞു. കൂടാതെ തന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് ഇന്ത്യ പാകിസ്ഥാനുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ഗാസയിലെ ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഐക്യരാഷ്ട്രസഭ അടക്കമുള്ളവരെ അനുവദിക്കണമെന്നും ഇസ്രായേലിനോട് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു.