ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് ജി ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് സംയുക്ത പ്രസ്താനവന ഇറക്കിയത്. ഇരു രാജ്യങ്ങളും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയെന്നും സംയുക്ത പ്രസ്താനവനയില്‍ പറയുന്നു. ഇന്ത്യ- ചൈന ബന്ധത്തില്‍ പരസ്പര വിശ്വാസവും സഹകരണവും മെച്ചപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനം ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ- ചൈന ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത്. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ- ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ട് കൊണ്ടുപോകാനായി. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകളും അടന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങും. ബന്ധം മെച്ചപ്പെടുത്തേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമാണ്. നരേന്ദ്രമോദി പറഞ്ഞു.
അതേസമയം നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുന്നതായി ഷി ജിന്‍പിങ്ങും വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മില്‍ സാംസ്‌കാരിക ബന്ധങ്ങളുണ്ട്. സൗഹൃദം പ്രധാനമാണെന്നും നല്ല അയല്‍ക്കാരായി തുടരുക എന്നത് പ്രധാനമാണെന്നും ഷി ജിന്‍പിങ് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരും മോദിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നത്. മേഖലയില്‍ സംഘര്‍ഷസാധ്യത ഒഴിവാക്കുക എന്നതിനൊപ്പം വ്യാപാരം വികസിപ്പിക്കുവാനും കൂടുതല്‍ സഹകരണം ഇരുരാജ്യങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാനുമാണ് സന്ദര്‍ശനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം അമേരിക്കന്‍ തീരുവ നയത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ കൂടി പങ്കെടുക്കുന്ന ഷാങ്ഹായ് ഉച്ചക്കോടിയിലും ഇനി നരേന്ദ്രമോദി പങ്കെടുക്കും. അമേരിക്കന്‍ ഏകാധിപത്യ നയങ്ങള്‍ക്കെതിരെ ബ്രിക്‌സ് കൂട്ടായ്മയിലും ചര്‍ച്ചകള്‍ ഉയരാന്‍ സാധ്യതയേറെയാണ്.