India vs England: ഓവൽ ടെസ്റ്റിൽ സ്റ്റോക്സില്ലാതെ ഇംഗ്ലണ്ട്, ഒലി പോപ്പ് നായകനാകും, ടീമിൽ നാല് മാറ്റങ്ങൾ
ജെയിംസ് ആന്‍ഡേഴ്‌സണ്‍- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്രോഫിയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റ് മത്സരത്തിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായി നായകന്‍ ബെന്‍ സ്റ്റോക്‌സിന് പരിക്ക്. അവസാന ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് ഇല്ലാതെയാകും ഇംഗ്ലണ്ട് ഇറങ്ങുക. മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ പരിക്കേറ്റ ബെന്‍ സ്റ്റോക്‌സ് മികച്ച പ്രകടനമായിരുന്നു മത്സരത്തില്‍ പുറത്തെടുത്തത്. വലതുകയ്യിലെ ക്രാമ്പ്‌സ് മൂലം താരം അവസാന ടെസ്റ്റില്‍ നിന്നും പിന്മാറുകയായിരുന്നു. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്നും നാല് മാറ്റങ്ങളോടെയാകും ഓവലില്‍ ഇംഗ്ലണ്ട് ഇറങ്ങുക.
കഴിഞ്ഞ മത്സരങ്ങളില്‍ ടീമില്‍ ഭാഗമായിരുന്ന ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാഴ്‌സ് എന്നിവര്‍ക്ക് ടീം വിശ്രമം അനുവദിച്ചു. കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്ന ലിയാം ഡോസനും ടീമില്‍ നിന്നും പുറത്തായി. കാര്യമായ പരിക്കില്ലെങ്കിലും വരാനിരിക്കുന്ന ആഷസ് പരമ്പര കണക്കിലെടുത്താണ് ബെന്‍ സ്റ്റോക്‌സിന് ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചത്. സ്റ്റോക്സിന് പകരം ജേക്കബ് ബേഥലിനെയാണ് ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയത്. ആര്‍ച്ചര്‍ക്ക് പകരക്കാരനായി ഗസ് ആറ്റ്കിന്‍സനെയും ബ്രൈഡന്‍ കാഴ്‌സിന് പകരക്കാരനായി ജെയ്മി ഓവര്‍ട്ടണെയും ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തി.
ഇംഗ്ലണ്ട് ഇലവന്‍
സാക് ക്രോളി,ബെന്‍ ഡക്കറ്റ്,ഓലി പോപ്പ് (ക്യാപ്റ്റന്‍),ജോ റൂട്ട്,ഹാരി ബ്രൂക്ക്,ജേക്കബ് ബെത്തല്‍,ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പര്‍),ക്രിസ് വോക്‌സ്,ഗസ് ആറ്റ്കിന്‍സണ്‍,ജെയ്മി ഓവര്‍ട്ടണ്‍,ജോഷ് ടംഗ്