നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നതായി കേന്ദ്രം; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 14 ജൂലൈ 2025 (11:00 IST)
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇത് സംബന്ധിച്ച വിശദാംശം മുദ്രാവച്ച കവറില്‍ കോടതിയില്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്നാണ് വിവരം.
 
ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കെആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. അതേസമയം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജരാകും. 
 
അതേസമയം നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. നിമിഷപ്രിയയുടെ വധശിക്ഷ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഇനി നാലു ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും കത്തില്‍ പറയുന്നു. യമന്‍ അധികൃതരുമായി സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിച്ച് പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ട് അധശിക്ഷ ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കെസി വേണുഗോപാല്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍