ഒരു ഒത്തുതീര്‍പ്പിനും ഇല്ല, നിമിഷപ്രിയയ്ക്ക് മാപ്പില്ല, കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്‍, അനുനയ ചര്‍ച്ചകള്‍ തുടരും
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ രക്ഷയ്ക്കായുള്ള ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരന്‍. ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നുമുള്ള നിലപാടാണ് തലാലിന്റെ സഹോദരന്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം കുടുംബത്തിലെ പലരും നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബന്ധുക്കള്‍ക്കിടയിലെ ഈ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ഇനിയും ചര്‍ച്ചകള്‍ വേണ്ടിവരുമെന്ന് പ്രതിനിധികള്‍ പറയുന്നു. സഹോദരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കേന്ദ്രസര്‍ക്കാരും സൂചിപ്പിച്ചു. അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. അനാവശ്യമായ തര്‍ക്കങ്ങള്‍ മോചനശ്രമങ്ങളെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് നിര്‍ദേശം.
ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ വധശിക്ഷ നിര്‍ത്തിവെച്ചിരിക്കുന്നു എന്നതാണ് വിധിപകര്‍പ്പിലുള്ളത്. എന്നത്തേക്ക് മാറ്റി എന്നതും ഉത്തരവിലില്ല. കുടുംബവുമായി ദയാ ധനത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതില്‍ തീരുമാനമാകും വരെ വധശിക്ഷ നടപ്പിലാക്കരുതും എന്ന ഹര്‍ജി അംഗീകരിച്ചാണ് കോടതി വധശിക്ഷ നീട്ടിയതെന്നാണ് ലഭ്യമാവുന്ന വിവരം.