അനിശ്ചിതകാല ബസ് സമരം ഈ മാസം 22 മുതല്‍; ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച നിര്‍ണായകം

രേണുക വേണു

ബുധന്‍, 16 ജൂലൈ 2025 (08:43 IST)
ഈ മാസം 22 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസുടമകളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ചര്‍ച്ച നടത്തും. നാളെ വൈകീട്ട് മൂന്നരക്കാണ് ചര്‍ച്ച. 
 
വിദ്യാര്‍ഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. ഗതാഗത കമ്മീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏഴാം തീയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. 
 
വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധന നടപ്പിലാക്കണം, കണ്‍സഷന്‍ കാര്‍ഡ് വിതരണം കുറ്റമറ്റതാക്കണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തി പ്രതിഷേധിക്കുമെന്ന് സ്വകാര്യ ബസുടമകള്‍ പറഞ്ഞിരുന്നു. 
 
140 കിലോമീറ്ററില്‍ അധിക ദൂരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് സര്‍ക്കാര്‍ പുതുക്കി നല്‍കുന്നില്ലെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. ഒട്ടേറെപ്പേര്‍ക്ക് ഇതുകാരണം തൊഴില്‍ നഷ്ടപ്പെട്ടു. ബസ് ഉടമകളില്‍നിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയ നടപടി പിന്‍വലിക്കണം. ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ബസ്സുടമകള്‍ സര്‍ക്കാരിനു മുന്നില്‍വെച്ചിരിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍