അഖിലേന്ത്യാ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളും ഭാഗമാകും. പണിമുടക്ക് നോട്ടീസ് നേരത്തെ നല്‍കിയതാണെന്ന് സിഐടിയു വ്യക്തമാക്കി. പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ഭാഗമാകില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞിരുന്നെങ്കിലും തൊഴിലാളികള്‍ പണിമുടക്കിനോടു സഹകരിക്കുമെന്ന നിലപാടിലാണ്. സ്വകാര്യ ബസ് സര്‍വീസുകള്‍, ഓട്ടോ, ടാക്‌സി സര്‍വീസുകളും നാളെയുണ്ടാകില്ല.
കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളെ പണിമുടക്ക് ബാധിക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്നതിനാല്‍ ബാങ്കിങ് സേവനങ്ങള്‍ പൂര്‍ണമായി തടസപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. സ്‌കൂള്‍, കോളേജ് അധ്യാപകര്‍ പണിമുടക്കിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗതാഗത സൗകര്യം ഇല്ലാത്തതും അധ്യാപകര്‍ പണിമുടക്കിനോടു സഹകരിക്കുന്നതും അധ്യയനം മുടങ്ങാന്‍ കാരണമാകും.
എന്‍ഡിഎ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുക. പതിനേഴിന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അഖിലേന്ത്യാ പണിമുടക്ക്. ഇന്ന് രാത്രി സംസ്ഥാനത്തെങ്ങും തൊഴിലാളികള്‍ പന്തംകൊളുത്തി പ്രകടനം നടത്തും. തൊഴിലാളികളും കേന്ദ്ര-സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കിന്റെ ഭാഗമാകും. പൊതുഗതാഗതം നിശ്ചലമാകാനാണ് സാധ്യത. ആശുപത്രികള്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനങ്ങള്‍, പാല്‍ വിതരണം, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന വിവാഹ പാര്‍ട്ടികള്‍, ടൂറിസം മേഖലയെ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് 10,000 ത്തില്‍ അധികം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനവും രാജ്ഭവനു മുന്നില്‍ തൊഴിലാളി കൂട്ടായ്മയും നടക്കും.