കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീടിന്റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള എന്‍.എസ്.എസ് യൂണിറ്റുകള്‍ ചേര്‍ന്ന് പൂര്‍ത്തീകരിച്ചു നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു പറഞ്ഞു. തലയോലപ്പറമ്പ് ഉമ്മാംകുന്നിലുള്ള ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി ഇതു സംബന്ധിച്ച കരാര്‍ കരാറുകാരന്‍ അജിക്ക് കൈമാറി.
സി.കെ.ആശ എം.എല്‍.എ, എന്‍.എസ്.എസ്. സംസ്ഥാന ഓഫീസര്‍ ഡോ. ആര്‍.എന്‍.അന്‍സാര്‍, എന്‍.എസ്.എസ്. മഹാത്മാഗാന്ധി സര്‍വകലാശാലാ കോ - ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍.ശിവദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് മൂന്നു പേര്‍ക്കുമാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടച്ചുമതല.
ചൊവ്വാഴ്ച രാവിലെ ബിന്ദുവിന്റെ വീട്ടിലെത്തിയ മന്ത്രി അമ്മ സീതാലക്ഷ്മി, ഭര്‍ത്താവ് വിശ്രുതന്‍, മകന്‍ നവനീത് എന്നിവരെ കണ്ട് സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അറിയിച്ചു. മകള്‍ നവമിയുടെ ചികിത്സ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.