കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: മരണപ്പെട്ട ബിന്ദുവിന് ധനസഹായം, സംസ്‌കാര ചടങ്ങിന് 50,000 രൂപ നല്‍കും
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം മരണപ്പെട്ട ബിന്ദുവിന്റെ സംസ്‌കാര ചടങ്ങിന് 50,000 രൂപ ഇന്ന് നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ബാക്കി ധനസഹായം പിന്നാലെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മൂന്നു തവണ വീട്ടില്‍ ബന്ധപ്പെട്ടിരുന്നുവെന്നും വീട്ടില്‍ ആരുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇന്ന് വൈകുന്നേരം വീട്ടിലേക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്നലെ കെട്ടിടം ഇടിഞ്ഞുവീണതിന് പിന്നാലെ തെരച്ചില്‍ നിര്‍ത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണമാണെന്ന് മന്ത്രി പറഞ്ഞു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടര മണിക്കൂറുകള്‍ക്കു ശേഷമാണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ പുറത്തെടുത്തത്.
മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് കൂട്ടിയിരിക്കാനാണ് ബിന്ദു എത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാകെയറില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജിന്റെ പതിനാലാം വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. ബിന്ദുവിനെ കണ്ടെത്തി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു.