തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൂപ്പർവൈസർ രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച ആറു വയസുള്ള ബബിത എന്ന പെൺകടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ച രാമചന്ദ്രനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
രാമചന്ദ്രന്റെ തലയ്ക്ക് നാല് സ്റ്റിച്ചുണ്ട്. സന്ദർശന സമയത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. അവധി ദിവസമായതിനാൽ മൃഗശാലയിൽ നിരവധി സന്ദർശകർ ഉണ്ടായിരുന്നു. ഈസമയത്താണ് രാമചന്ദ്രന് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്.