സതീശനെ വെട്ടാന്‍ ഗ്രൂപ്പ് കളി; ചെന്നിത്തലയും സുധാകരനും ഒറ്റക്കെട്ട്, എഐസിസിക്കും അതൃപ്തി

രേണുക വേണു

ഞായര്‍, 24 ഓഗസ്റ്റ് 2025 (08:57 IST)
കലങ്ങിമറിഞ്ഞ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ വി.ഡി.സതീശനും ഷാഫി പറമ്പിലും ഒറ്റപ്പെടുകയാണ്. രാഹുലിനെ സതീശനും ഷാഫിയും സംരക്ഷിക്കുന്നു എന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി. 
 
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരനും സതീശനെതിരായ നീക്കത്തില്‍ ഒറ്റക്കെട്ടാണ്. ഷാഫിയെയും രാഹുലിനെയും ഒപ്പംകൂട്ടി പാര്‍ട്ടി പിടിക്കാനാണ് സതീശന്‍ ശ്രമിക്കുന്നതെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. രാഹുലിനെതിരെ ആരോപണങ്ങള്‍ വന്നതോടെ സതീശനെയും ഷാഫിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് മുതിര്‍ന്ന നേതാക്കള്‍. 
 
ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയിരുന്ന എ ഗ്രൂപ്പ് വീണ്ടും കോണ്‍ഗ്രസില്‍ സജീവമാകുകയാണ്. ചാണ്ടി ഉമ്മന്‍, പി.സി.വിഷ്ണുനാഥ്, എം.ലിജു, വി.ടി.ബല്‍റാം തുടങ്ങിയ നേതാക്കളെല്ലാം സതീശനെതിരായ നീക്കത്തില്‍ എതിര്‍ ചേരിയില്‍ സജീവമാണ്. 
 
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് സതീശനും ഷാഫിക്കും നേരത്തെ അറിവുള്ളതാണ്. ഇതെല്ലാം അറിഞ്ഞിട്ടും രാഹുലിനെ എംഎല്‍എ സ്ഥാനത്തേക്ക് എത്തിച്ചതിലും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതിലും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യം സതീശനെ പ്രതികൂലിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ സ്ഥിതിഗതികള്‍ ദേശീയ നേതൃത്വം വീക്ഷിക്കുന്നുണ്ട്. സതീശനെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും എഐസിസി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍