ചെവി മുറിച്ച നിലയില്‍, കവര്‍ന്നത് 12 പവന്‍; ശാന്തയുടെ കൊലപാതകത്തിൽ പ്രതി ഒളിവിൽ

നിഹാരിക കെ.എസ്

ഞായര്‍, 24 ഓഗസ്റ്റ് 2025 (09:58 IST)
കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ 61കാരിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഒളിവില്‍. പെരുമ്പാവൂര്‍ വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61) ആണ് കൊല്ലപ്പെട്ടത്. 
 
നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേല്‍ രാജേഷാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒളിവില്‍ പോയ ഇയാളെ പിടികൂടിയിട്ടില്ല. ഊന്നുകല്ലില്‍ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്റെ പിന്നിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. 
 
പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഹോട്ടലും വീടും. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വര്‍ക്ക് ഏരിയയുടെ ഗ്രില്‍ തകര്‍ത്ത നിലയിലാണ്. മാന്‍ഹോളില്‍നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ച നിലയിലായിരുന്നു.
 
ഇവര്‍ ധരിച്ചിരുന്ന 12 പവനോളം സ്വര്‍ണവും നഷ്ടമായിട്ടുണ്ട്. വര്‍ക്ക് ഏരിയയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് നിഗമനം. ഓഗസ്റ്റ് 18 മുതല്‍ ശാന്തയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.  
മാന്‍ഹോളില്‍ മൃതദേഹം കണ്ടെന്ന വിവരം ലഭിച്ച് ഏറെ വൈകാതെ തന്നെ ശാന്തയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സംശയിച്ചിരുന്നു. 
 
ഇതേത്തുടര്‍ന്ന് ശാന്തയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചു. ഫോണ്‍ കോളുകളുടെ പരിശോധനയിലാണ് രാജേഷിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. കൊലപാതക കാരണവും കൊലപാതകം നടത്താനും മൃതദേഹം ഒളിപ്പിക്കാനും ഈ വീട് എങ്ങനെ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാജേഷിനായി പ്രത്യേക അന്വേഷണ സംഘം ഊര്‍ജിതമായ തിരച്ചില്‍ നടത്തുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍