ഇന്നത്തേത് സൂചന മാത്രം, ഒരാഴ്ചക്കകം പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിത കാല ബസ് സമരം

അഭിറാം മനോഹർ

ചൊവ്വ, 8 ജൂലൈ 2025 (12:42 IST)
Private Bus Strike
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്.
 
 
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക
 
വ്യാജ കണ്‍സെഷന്‍ കാര്‍ഡുകള്‍ തടയുക
 
140 കിലോമീറ്ററില്‍ കൂടുതല്‍ ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കല്‍
 
അനാവശ്യ പിഴ ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ബസുടമകളുടെ തീരുമാനം.
 
അതേസമയം നാളെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 10 തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഭാഗമാകും.
 
 
4 ലേബര്‍ കോഡുകള്‍ പൂര്‍ണമായും പിന്‍വലിക്കുക
 
കരാര്‍ തൊഴിലാളികള്‍, സ്‌കീം വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും, 26,000 മിനിമം വേതനം ഉറപ്പാക്കണം
 
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം നിര്‍ത്തണം എന്നിങ്ങനെ 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ തൊഴിലാളി സംഘടനകള്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വെയ്ക്കുന്നത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
 
ബാങ്ക്, ഇന്‍ഷുറന്‍സ്, ടെലികോം, തപാല്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, വ്യവസായ മേഖല തൊഴിലാളികള്‍  എല്ലാവരും പണിമുടക്കില്‍ പങ്കാളികളാകും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി,എസ് ഡബ്യുഎ,എഐസിസിടിയു,എല്പിഎഫ്,യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.സംയുക്ത കിസാന്‍ മോര്‍ച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാല്‍, ആശുപത്രി പോലുള്ള അവശ്യസേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍