All India Strike: പൊതുപണിമുടക്ക് ആരംഭിച്ചു, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

രേണുക വേണു

ബുധന്‍, 9 ജൂലൈ 2025 (06:46 IST)
All India Strike: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷ വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പുരോഗമിക്കുന്നു. അര്‍ധരാത്രി 12 നാണ് പണിമുടക്ക് ആരംഭിച്ചത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്കില്‍ കേരളവും ഏറെക്കുറെ നിശ്ചലമാകും. 
 
കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാല്‍ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്നു ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എല്‍പിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നല്‍കുന്നത്.
 
പൊതുഗതാഗതമായ കെ.എസ്.ആര്‍.ടി.സി മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വരെ പണുമുടക്ക് സാരമായി ബാധിച്ചിട്ടുണ്ട്. അഖിലേന്ത്യാ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളും ഭാഗമാകും. സ്വകാര്യ ബസ് സര്‍വീസുകള്‍, ഓട്ടോ, ടാക്സി സര്‍വീസുകളും ഇല്ല. 
 
കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളെ പണിമുടക്ക് ബാധിക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്നതിനാല്‍ ബാങ്കിങ് സേവനങ്ങള്‍ പൂര്‍ണമായി തടസപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. സ്‌കൂള്‍, കോളേജ് അധ്യാപകര്‍ പണിമുടക്കിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗതാഗത സൗകര്യം ഇല്ലാത്തതും അധ്യാപകര്‍ പണിമുടക്കിനോടു സഹകരിക്കുന്നതും അധ്യയനം മുടങ്ങാന്‍ കാരണമാകും. 
 
എന്‍ഡിഎ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുക. പതിനേഴിന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അഖിലേന്ത്യാ പണിമുടക്ക്. തൊഴിലാളികളും കേന്ദ്ര-സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കിന്റെ ഭാഗമാകും. ആശുപത്രികള്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനങ്ങള്‍, പാല്‍ വിതരണം, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന വിവാഹ പാര്‍ട്ടികള്‍, ടൂറിസം മേഖലയെ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് 10,000 ത്തില്‍ അധികം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനവും രാജ്ഭവനു മുന്നില്‍ തൊഴിലാളി കൂട്ടായ്മയും നടക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍