കീം പ്രവേശനം: കേരളം ഉടൻ അപ്പീൽ നൽകിയേക്കില്ല, കേരള സിലബസ് പഠിക്കുന്നവരുടെ പ്രശ്നം കോടതിയെ ബോധ്യപ്പെടുത്തും

അഭിറാം മനോഹർ

ബുധന്‍, 16 ജൂലൈ 2025 (12:57 IST)
എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള കീം റാങ്ക് പാട്ടിക പുതുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കിയേക്കില്ല. സംസ്ഥാന സര്‍ക്കാരിന് വീണ്ടി സീനിയര്‍ അഭിഭാഷകനായ ജയ്ദീപ് ഗുപ്ത ഇന്ന് കോടതിയില്‍ ഹാജരാകും. ഹൈക്കോടതി വിധി നടപ്പിലാക്കുമ്പോള്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന നഷ്ടം അദ്ദേഹം കോടതിയെ ബോധിപ്പിക്കും.
 
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ടോ എന്നറിയിക്കാന്‍ കേരളത്തിനോട് സുപ്രീം കോടതി ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. അപ്പീല്‍ നല്‍കിയാലും ഈ വര്‍ഷത്തെ പ്രവേശനത്തില്‍ കോടതി ഇടപെടലിന് സാധ്യത കുറവാണ് എന്ന് വിലയിരുത്തി അപ്പീല്‍ നല്‍കേണ്ടതില്ല എന്നതാണ് കേരളത്തിന്റെ തീരുമാനം. പകരം ഹൈക്കോടതി വിധി മൂലം കേരള സിലബസ് വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന നഷ്ടം കോടതിയെ അറിയിക്കും. പ്രാഥമികമായി ഈ വാദം കോടതി അംഗീകരിച്ചാല്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
 
 ഓഗസ്റ്റ് 14നുള്ളിലാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. കേസിലെ വാദം നീണ്ടുപോയാല്‍ പ്രവേശന നടപടികളെ അത് ബാധിക്കും എന്നത് കൂടി കണക്കിലെടുത്താണ് അപ്പീല്‍ നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍