നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷന്‍ കൗണ്‍സിലാണ് തീരുമാനം സ്വീകരിച്ചത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷെയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ യമനില്‍ ആരംഭിച്ചത്.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ തടയുന്നതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം. വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കാന്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതി ഉണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കെആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തിരുന്നു.