നിപ്പ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം, 6 ജില്ലകൾക്ക് ജാഗ്രതാനിർദേശം

അഭിറാം മനോഹർ

തിങ്കള്‍, 14 ജൂലൈ 2025 (12:32 IST)
സംസ്ഥാനത്ത് ഒരു നിപ്പ മരണം കൂടി സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം. പാലക്കാട്, മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,വയനാട്,തൃശൂര്‍ ജില്ലകള്‍ക്കാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. നിപ്പ ലക്ഷണങ്ങളുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികളോട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കുമാരംപുത്തൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 46 പേരാണുള്ളത്. പാലക്കാടും മലപ്പുറത്തും അനാവശ്യമായ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
 രോഗലക്ഷണവും സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരില്‍ ചിലര്‍ക്കും ഫലം നെഗറ്റീവായതോടെ നിപ്പ ഭീഷണി ഒഴിവായ ആശ്വാസത്തിലായിരുന്നു സംസ്ഥാനം. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു മരണം കൂടെ സംഭവിച്ചതോടെയാണ് ജാഗ്രതാനിര്‍ദേശം. ഒരാഴ്ച മുന്‍പായിരുന്നു പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശിയായ 58കാരന്‍ പനി ബാധിച്ച് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. വെള്ളിയാഴ്ച മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് കുമരംപുത്തൂര്‍ ചങ്ങലീരിക്ക് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
 
പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിലായി നിലവില്‍ അഞ്ഞൂറോളം പേരാണ് നിപ്പ സമ്പര്‍ക്കപ്പെട്ടികയിലുള്ളത്. മലപ്പുറത്ത് 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് രോഗലക്ഷണങ്ങളോടെ 10 പേര്‍ ചികിത്സയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍