നിപ ജാഗ്രതാ നിര്‍ദേശം തൃശൂരും; ശ്രദ്ധിക്കണം

രേണുക വേണു

തിങ്കള്‍, 14 ജൂലൈ 2025 (08:30 IST)
പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. 
 
പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം.
 
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 543 പേരാണ് ഉള്ളത്. അതില്‍ 46 പേര്‍ പുതിയ കേസിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 208 പേരും പാലക്കാട് 219 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 36 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 128 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
 
നിപ ജാഗ്രതാ നിര്‍ദേശങ്ങള്‍ 
 
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന കാലയളവായ ഇന്‍കുബേഷന്‍ പിരീഡ് നാലു മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെ ആകാം. 
 
പനിയോടൊപ്പം തലവേദന, ചര്‍ദ്ദി, ജന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസ തടസ്സം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശസംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയുംതോറും വര്‍ദ്ധിച്ചു വരാം എന്നതും രോഗ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ദ്ധിച്ചേക്കാം എന്നതും നിപ്പ രോഗത്തിന്റെ പ്രത്യേകതയാണ്.
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെ വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്ന് അണുബാധ ഉണ്ടായ മറ്റു മൃഗങ്ങള്‍ തുടങ്ങിയവയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷണം പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക്
 
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും. ലക്ഷണം ഉള്ളവരുമായി അടുത്ത സമ്പര്‍ക്കമുള്ളവരിലേക്ക് ശരീര ദ്രവത്തിലൂടെയാണ് പകരുന്നത്. നിപ ബാധിത ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും വിശിഷ്യ പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസംമുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഉളളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. 
 
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക. രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
 
മുന്‍കരുതലുകള്‍: 
 
മറ്റുള്ളവരും ആയി ഇടപഴകുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.
 
ഇടയ്ക്കിടക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുയോ അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ ചെയ്യേണ്ടതാണ്.
 
രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരുമായി ബന്ധപ്പെടുന്നവരും കുടുംബാംഗങ്ങളും മാസ്‌ക് ധരിക്കേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍