വയനാട് മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരെ കൈവിട്ട് ബിജെപി. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രതിരോധിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആണ് വായ്പകള്‍ എഴുതിത്തള്ളാന്‍ നേതൃത്വം നല്‍കേണ്ടതെന്നും കേന്ദ്ര സര്‍ക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ലെന്നും റിസര്‍വ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.
ബാങ്കിന്റെ വായ്പകള്‍ കേന്ദ്രത്തിന് എഴുതിത്തള്ളാനാവില്ല. ബാങ്കുകളുടേത് ബോര്‍ഡുകളും ഓഹരി ഉടമകളുമെല്ലാമുള്ള സംവിധാനമാണ്. ഇക്കാര്യത്തിനായി ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ കേന്ദ്രത്തിന് അധികാരമോ റോളോ ഇല്ല. ചോദിക്കുന്നവരും പറയുന്നവരും ഇക്കാര്യം മനസിലാകണം. വയനാട് ദുരന്തത്തില്‍ ആര്‍ക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടത്. സംസ്ഥാനം സബ്സിഡി നല്‍കുകയാണ് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ദുരന്തബാധിതരെ സഹായിക്കാതെ മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദുരന്തബാധിതരെ സഹായിക്കാനാകില്ല എന്നല്ല, പകരം അവരെ സഹായിക്കാന്‍ മനസില്ല എന്നു ജനങ്ങളോടു പറയാന്‍ ധൈര്യമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.