ട്രംപിനോട് പരസ്യമായ ഏറ്റുമുട്ടലിനില്ല, വ്യാപാര കരാറിൽ സംയമനം പാലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

അഭിറാം മനോഹർ

ഞായര്‍, 3 ഓഗസ്റ്റ് 2025 (14:46 IST)
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇന്ത്യ സംയമനം പാലിക്കാന്‍ ഇന്ത്യന്‍ തീരുമാനം. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കൂട്ടാനാണ് ഇന്ത്യന്‍ തീരുമാനം. അതേസമയം കാര്‍ഷിക ഉത്പന്നങ്ങളില്‍ കടുത്ത നിലപാട് തുടരും.
 
 കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാരകരാറില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന സമ്മര്‍ദ്ദമാണ് ഇന്ത്യയ്ക്ക് മുകളിലുള്ളത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി 60 ശതമാനം ഉത്പന്നങ്ങളെ ഇന്ത്യ വ്യാപാരക്കരാറിന്റെ ഭാഗമാക്കിയിരുന്നു. പക്ഷേ കൂടുതല്‍ ഉത്പന്നങ്ങളെ ഭാഗമാക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ കാര്‍ഷിക, ക്ഷീര ഉത്പന്നങ്ങളെ ലിസ്റ്റില്‍ പെടുത്താനാകില്ലെന്നാണ് ഇന്ത്യന്‍ നിലപാട്.
 
 രാജ്യതാത്പര്യം മുന്‍നിര്‍ത്തി മാത്രമെ മുന്നോട്ട് പോകുവെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ട്രംപുമായി പരസ്യമായ ഏറ്റുമുട്ടല്‍ വേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍