ലോകത്തിലെ കൊതുക് വിമുക്ത പ്രദേശങ്ങളിലൊന്നായ ഐസ്ലാന്‍ഡിലെ അസാധാരണമായ ഒരു ഉഷ്ണതരംഗത്തിനു ശേഷം ആദ്യമായി കൊതുകുകളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റെയ്ക്ജാവിക്കിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു ഹിമാനിയുടെ താഴ്വരയായ ക്‌ജോസില്‍ നിശാശലഭങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് പ്രാണിപ്രേമിയായ ബ്യോണ്‍ ഹ്ജാല്‍റ്റാസണ്‍ ഈ കണ്ടെത്തല്‍ നടത്തിയത്. നിരവധി രാത്രികളില്‍ ഹ്ജാല്‍റ്റാസണ്‍ രണ്ട് പെണ്‍ കൊതുകുകളെയും ഒരു ആണ്‍ കൊതുകിനെയും കണ്ടെത്തി. പിന്നീട് ഐസ്ലാന്‍ഡിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ഇവ കുലിസെറ്റ ആനുലാറ്റയാണെന്ന് സ്ഥിരീകരിച്ചു. തണുത്ത ശൈത്യകാലത്തെ അതിജീവിക്കാന്‍ കഴിവുള്ള ചുരുക്കം ചില കൊതുക് ഇനങ്ങളില്‍ ഒന്നാണിവ.
എന്നാല്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് ഭേദിക്കുന്ന താപനില അത് മാറ്റിയിരിക്കാം. ഐസ്ലാന്‍ഡിന്റെ കാലാവസ്ഥാ ഓഫീസ് പറയുന്നതനുസരിച്ച് മെയ് മാസത്തില്‍ രാജ്യത്ത് തുടര്‍ച്ചയായി 10 ദിവസം 20°C (68°F) ന് മുകളില്‍ അനുഭവപ്പെട്ടു. ഇത് സാധാരണ രണ്ട് മുതല്‍ മൂന്ന് ദിവസത്തെ ചൂട് സമയത്തേക്കാള്‍ വളരെ കൂടുതലാണ്. ഐസ്ലാന്‍ഡിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ ദിവസവും ഈ മാസത്തില്‍ അനുഭവപ്പെട്ടു.