തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

അഭിറാം മനോഹർ

ബുധന്‍, 22 ഒക്‌ടോബര്‍ 2025 (19:17 IST)
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ എംബസി ഔദ്യോഗികമായി ആരംഭിച്ച് വിദേശകാര്യമന്ത്രാലയം. കാബൂള്‍ നയതന്ത്ര ദൗത്യം എന്ന പേരില്‍ ആരംഭിച്ച ഓഫീസിനെയാണ് എംബസിയാക്കി ഉയര്‍ത്തിയത്. അഫ്ഗാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം എംബസി ആരംഭിച്ചെങ്കിലും താലിബാന്‍ ഭരണകൂടത്തിന് ഇന്ത്യ ഇതുവരെയും ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. 2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തത്.
 
താലിബാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നയതന്ത്രമേഖലയില്‍ ഇന്ത്യ സുപ്രധാനമായ തീരുമാനങ്ങള്‍ കൈകൊണ്ടത്. ഒക്ടോബര്‍ പത്തിന് മുത്തഖിയുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം കാബൂളിലെ നയതന്ത്ര ദൗത്യം മെച്ചപ്പെടുത്തുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. 2021ല്‍ താലിബാന്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഇന്ത്യ അഫ്ഗാനിലെ ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്. തുടര്‍ന്ന് 2022 ജൂണിലാണ് നയതന്ത്ര ദൗത്യമെന്ന പേരില്‍ ഒരു സംഘത്തെ കാബൂളിലേക്ക് അയച്ചത്.
 
താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാല്‍ ഇന്ത്യന്‍ അംബാസഡര്‍ എന്ന പദവി ഉണ്ടായിരിക്കില്ല. പകരം കാബൂള്‍ എംബസിയുടെ തലവന് ചാര്‍ജ് ഡി അഫയേഴ്‌സ് എന്ന പദവിയാകും ഉണ്ടായിരിക്കുക. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാനമായ നീക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍