എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്

അഭിറാം മനോഹർ

ബുധന്‍, 22 ഒക്‌ടോബര്‍ 2025 (14:02 IST)
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഹങ്കറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കാനിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യമില്ലാത്ത മീറ്റിങ്ങുകള്‍ക്കായി തന്റെ സമയം കളയാനില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.
 
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശ്രമം നടത്തുമെന്ന് ട്രംപ് സൂചിപ്പിച്ചത്. എന്നാല്‍ റഷ്യ തങ്ങളുടെ ആവശ്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പെട്ടെന്നുള്ള ചര്‍ച്ചകള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് വൈറ്റ് ഹൗസ് എത്തിയത്. അലാസ്‌കയില്‍ ഓഗസ്റ്റില്‍ നടന്ന അമേരിക്ക- റഷ്യ ചര്‍ച്ചകള്‍ പരാജയമായിരുന്നു. ട്രംപ്- പുടിന്‍ കൂടിക്കാഴ്ചയ്ക്കായി കൃത്യമായ സമയം തീരുമാനിച്ചിരുന്നില്ലെന്നാണ് ക്രെംലിന്‍ അറിയിക്കുന്നത്. 
 
അതേസമയം കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി നടത്തിയ സംഭാഷണത്തില്‍ റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമാധാനം കൈവരിക്കണമെന്ന ആവശ്യമാണ് ട്രംപ് സെലന്‍സ്‌കിയ്ക്ക് മുന്നില്‍ വെച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍