കൊള്ളാം, നല്ല തമാശ, വേറെയുണ്ടോ?, ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഖമേനി

അഭിറാം മനോഹർ

ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (14:16 IST)
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തെന്ന അമേരിക്കന്‍ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ജൂണ്‍ 12ന് അമേരിക്ക ബോംബിട്ടതിനെ തുടര്‍ന്ന് യുഎസ്- ഇറാന്‍ ആണവചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ചര്‍ച്ചകള്‍ വീണ്ടും തുടരാമെന്ന ട്രംപിന്റെ വാഗ്ദാനം നിരസിച്ച് സംസാരിക്കവെയാണ് ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന യുഎസ് അവകാശവാദത്തെ ഖമേനി തള്ളി കളഞ്ഞത്.
 
Donald trump- Ali khamenei
ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന പരാമര്‍ശത്തില്‍ ട്രംപ് സ്വപ്നം കണ്ടുകൊണ്ടിരിക്കട്ടെ എന്നാണ് തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഖമേനി വ്യക്തമാക്കിയത്. സ്വന്തമായി ആണവ വ്യവസായമുള്ള ഒരു രാജ്യത്തിന് വേണ്ടതെന്ത്, വേണ്ടാത്തതെന്ത് എന്ന് പറയാന്‍ ട്രംപിന് എന്ത് അവകാശമാണുള്ളതെന്നും ഖമേനി ചോദിച്ചു. ഇറാന്റെ ആണവ വ്യവസായം തകര്‍ത്തെന്ന് ട്രംപ് അഭിമാനത്തോടെ പറയുന്നു. കൊള്ളാം, സ്വപ്നം കണ്ടോളു. ഇറാന് ആണവ കേന്ദ്രങ്ങളുണ്ടോ, ഇല്ലയോ എന്നതില്‍ അമേരിക്കയ്ക്ക് എന്താണ് കാര്യം. ഈ ഇടപെടല്‍ തെറ്റും അനുചിതവുമാണ്. ഖമേനി പറഞ്ഞു.
 
 കഴിഞ്ഞയാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ നടത്തിയ പ്രസംഗത്തിലാണ് ഇറാന്റെ ആണവകേന്ദ്രങ്ങളെ പൂര്‍ണ്ണമായും തുടച്ചുനീക്കിയെന്ന് ട്രംപ് ആവര്‍ത്തിച്ചത്. 14 ബോംബുകള്‍ വര്‍ഷിച്ചെന്നും ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തുടച്ചുനീക്കിയെന്നുമാണ് ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഖമേനിയുടെ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍