ലോകവേദിയില്‍ വെച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ സുന്ദരിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച ഈജിപ്തില്‍ ചേര്‍ന്ന ഗാസ അന്താരാഷ്ട്ര ഉച്ചകോടിയിലാണ് വേദിയിലെ ഏക വനിതാ നേതാവായ ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ ട്രംപ് പുകഴ്ത്തിയത്. മെലോണിയെ പറ്റിയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാമെന്നും എന്നാല്‍ അത് നേരിടാന്‍ തയ്യാറാണെന്നുമുള്ള ആമുഖത്തോടെയാണ് ട്രംപ് സംസാരിച്ചത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഒരു സ്ത്രീയെക്കുറിച്ച് സുന്ദരി എന്ന വാക്ക് ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്. പക്ഷേ ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു. നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ അല്ലെ, കാരണം നിങ്ങള്‍ സുന്ദരിയാണ് ജോര്‍ജിയ മെലോണിക്ക് നേരെ തിരിഞ്ഞുകൊണ്ട് ട്രംപ് ചോദിച്ചു. ഇതിന് ചിരിച്ചുകൊണ്ട് മെലോണി മറുപടി നല്‍കിയെങ്കിലും മറുപടി വ്യക്തമായിരുന്നില്ല.
ഉച്ചകോടിയില്‍ വെച്ച് കുടിയേറ്റം, സാംസ്‌കാരിക വിഷയങ്ങള്‍ എന്നിവയില്‍ മെലോണിയുടെ നിലപാടുകളെ ട്രംപ് പ്രശംസിച്ചു. ഇറ്റലിയില്‍ വലിയ ബഹുമാനമുള്ള നേതാവാണ് മെലോണിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പുതിയ പശ്ചിമേഷ്യയുടെ ഉദയമാണെന്നും ഭീകരതയുടെയും നാശത്തിന്റെയും ശക്തികള്‍ പരാജയപ്പെട്ടെന്നും സമാധാന ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍. ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് തുടങ്ങിയ ലോകനേതാക്കളും ഉച്ചകോടിയിലുണ്ടായിരുന്നു.