Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

രേണുക വേണു

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (15:05 IST)
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍ജെഡി അധ്യക്ഷനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ട് ആണ് പ്രഖ്യാപിച്ചത്. 
 
ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് ഹൈക്കമാന്‍ഡ് അശോക് ഗെഹലോട്ടിനെ ബിഹാറിലേക്കു അയച്ചത്. സമൂഹത്തോടു പ്രതിബദ്ധതയുള്ള യുവാവാണ് തേജസ്വിയെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് അശോക് ഗെഹലാട്ട് പറഞ്ഞു. 
 
വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) നേതാവ് മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഗെഹലോട്ട് പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയ ശേഷമായിരിക്കും കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണമോ എന്ന കാര്യത്തില്‍ ഇന്ത്യ മുന്നണി തീരുമാനിക്കുക. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. 
 
അതേസമയം എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ അമിത് ഷായ്ക്കു ധൈര്യമുണ്ടോ എന്ന് ഇന്ത്യ മുന്നണി ചോദിക്കുന്നു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാതെ എന്‍ഡിഎ ഒളിച്ചുകളിക്കുകയാണെന്നും തേജസ്വി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍