സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ഫെബ്രുവരി 2026 (17:06 IST)
കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ മലയാള നടന്‍ ജയസൂര്യയ്ക്ക് തിരിച്ചടി. നടന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. കേസില്‍ ഇ.ഡി. അദ്ദേഹത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ആളുകളെ വഞ്ചിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. ആളുകളെ വഞ്ചിക്കുന്ന പരസ്യങ്ങളില്‍ പണം വാങ്ങിയ ശേഷം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും തട്ടിപ്പില്‍ പങ്കാളികളായി പണം സ്വീകരിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 
ജയസൂര്യയുടെ ഭാര്യയുടെ അക്കൗണ്ടില്‍ ഒരു കോടി രൂപ ഉണ്ടെന്ന് ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ജയസൂര്യയുടെ പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ നടന്റെ കൂടുതല്‍ അക്കൗണ്ടുകള്‍ പരിശോധിക്കുമെന്ന് ഇ.ഡി അറിയിച്ചിരുന്നു. ആപ്പിന്റെ ഉടമ സ്വാതിഖ് റഹീമിന്റെ സിനിമാ ബന്ധങ്ങളെക്കുറിച്ചും ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. ആപ്പിന്റെ ലോഞ്ചില്‍ നിരവധി നടന്മാര്‍ പങ്കെടുത്തതായി ദൃശ്യങ്ങളില്‍ കാണാം. 
 
ആപ്പ് ഉടമ സ്വാതിക് റഹിം വന്‍ സാമ്പത്തിക തട്ടിപ്പില്‍ അറസ്റ്റിലായതിനുശേഷം ജയസൂര്യ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ അതിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിച്ചതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലീസ് ആരംഭിച്ച അന്വേഷണം ഇ.ഡി ഏറ്റെടുത്തതിനുശേഷം സ്വാതിക് റഹിമിനെ ആദ്യം ചോദ്യം ചെയ്തു. ജയസൂര്യയുടെ അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷം പിന്നീട് അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍