Bihar Elections: ബിഹാറിൽ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥി, പ്രഖ്യാപനം നടത്തി മഹാസഖ്യം

അഭിറാം മനോഹർ

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (14:30 IST)
ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സഹാനിയാണ് മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി. വ്യാഴാഴ്ച പാട്‌നയില്‍ ചേര്‍ന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിനിലാണ് പ്രഖ്യാപനം.
 
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോത്തിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം. പ്രതിബദ്ധതയുള്ള ചെറുപ്പക്കാരനാണ് തേജസ്വി യാദവെന്ന് അശോക് ഗെഹ്ലോത്ത് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന ചോദ്യവും മഹാസഖ്യം ഉയര്‍ത്തി.
 
 അതേസമയം തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ തേജസ്വി യാദവ് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ചു. മുഖ്യമന്ത്രിയാകാനും സര്‍ക്കാര്‍ രൂപീകരിക്കാനും മാത്രമല്ല ബിഹാറിനായി പ്രവര്‍ത്തിക്കാനാണ് മഹാസഖ്യത്തിന്റെ നേതാക്കള്‍ നിലകൊള്ളുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു.
 
ബിഹാര്‍ നിയമസഭാ തിരെഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെയാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. രഘോപുര്‍ മണ്ഡലത്തില്‍ നിന്നാകും തേജസ്വി യാദവ് മറ്റ്ഷരിക്കുക. നവംബര്‍ 6,11 തീയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാര്‍ തിരെഞ്ഞെടുപ്പ്. നവംബര്‍ 14നാണ് ഫലപ്രഖ്യാപനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍