'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ഫെബ്രുവരി 2026 (16:16 IST)
ന്യൂഡല്‍ഹി: ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. ലഖ്നൗവിലെ സരസ്വതി ശിശു മന്ദിറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം ഹിന്ദു ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. 
    
'നമ്മള്‍ ഹിന്ദുക്കളെ ഒന്നിപ്പിക്കുകയും ശാക്തീകരിക്കുകയും വേണം. ഭീഷണിയിലല്ലെങ്കിലും നമ്മള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും ഇല്ലാതാക്കുകയും നാടുകടത്തുകയും വേണം. അവര്‍ക്ക് ജോലി നല്‍കരുത്. ശരാശരി മൂന്നില്‍ താഴെ ഫെര്‍ട്ടിലിറ്റി നിരക്കുള്ള സമൂഹങ്ങള്‍ ഭാവിയില്‍ അപ്രത്യക്ഷമായേക്കാം. അതിനാല്‍ ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടാകുന്നത് പരിഗണിക്കണം. നവദമ്പതികള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം. വിവാഹത്തിന്റെ ലക്ഷ്യം സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റുക മാത്രമല്ല സൃഷ്ടിയെ മുന്നോട്ട് കൊണ്ടുപോകുക കൂടിയാണ്. ജാതി വിവേചനം സംഘര്‍ഷത്തിന് കാരണമാകരുത്. പിന്നാക്ക സമുദായങ്ങളെ ഉള്‍പ്പെടുത്തി അവരെ മുന്‍നിരയില്‍ കൊണ്ടുവരണം. 
 
ഭാവിയില്‍ ഇന്ത്യ ലോകത്തെ നയിക്കും. വിവിധ ആഗോള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഇന്ത്യയുടെ നാഗരിക ധാര്‍മ്മികതയില്‍ അവിഭാജ്യമാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യുന്നതിനും സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പതിവായി കമ്മ്യൂണിറ്റി തല യോഗങ്ങള്‍ സംഘടിപ്പിക്കണം. യുഎസിലെയും ചൈനയിലെയും ചില ഘടകങ്ങള്‍ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ജാഗ്രതയും പരസ്പര വിശ്വാസവും ആവശ്യമാണ്,' മോഹന്‍ ഭാഗവത് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍