താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ഏപ്രില്‍ 2025 (18:03 IST)
താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഭീഷണി വേണ്ടെന്നും ചൈന. ഭീഷണിയും ബ്ലാക്ക്‌മെയിലും ചൈനയെ നേരിടാനുള്ള മാര്‍ഗമല്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. അമേരിക്ക ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചൈനയുടെ വാതിലുകള്‍ അവര്‍ക്ക് വേണ്ടി തുറന്നിരിക്കുമെന്നും പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ മാത്രമേ ചൈന അനുവദിക്കുകയുള്ളുവെന്നും ഭീഷണിയുടെ സ്വരം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
എന്നാല്‍ അമേരിക്ക യുദ്ധം ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതേ രീതിയില്‍ തന്നെയായിരിക്കും തങ്ങളുടെ പ്രതികരണമെന്നും അവസാനം വരെ ഞങ്ങളും യുദ്ധം ചെയ്യുമെന്നും വാണിജ്യ വക്താവ് അറിയിച്ചു. അമേരിക്ക തുടങ്ങിവച്ച വ്യാപാര യുദ്ധത്തിന് പിന്നാലെ ചൈന അമേരിക്കയ്ക്ക് 84 ശതമാനം തീരുവ ഏര്‍പ്പെടുത്തി.
 
പിന്നാലെ ചൈനയ്ക്ക് 125% അധിക തീരുവ അമേരിക്ക ചുമത്തി. മൂന്നാം തവണയാണ് ചൈനയ്ക്ക് അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. തീരുവ ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പരിഹസിച്ചിരുന്നു. അവര്‍ തന്നെ നിരന്തരം വിളിക്കുകയാണെന്നും തീരുവ ഒഴിവാക്കുന്നതിനായി എന്തും ചെയ്യാമെന്ന് പറയുന്നുവെന്നും ട്രംപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍